നമസ്‌കാരം, ചെയർമാനെന്ന നിലയിൽ ഈ പോർട്ടലിലൂടെ നിങ്ങളെ അഭിസംബോധന ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ ഒരു സുപ്രധാന ഭരണ ഘടനാ സംവിധാനമാണ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക, ജോലിയിലെ മികവ് പരിഗണിച്ച് വകുപ്പുതല പ്രൊമോഷൻ കമ്മറ്റികൾ വഴി ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുക, അച്ചടക്ക നടപടികളിൽ ഗവൺമെന്റിന് ആധികാരിക നിർദ്ദേശങ്ങൾ നൽകി സംസ്ഥാന സർവ്വീസ് കൂടുതൽ മെച്ചപ്പെട്ടതാക്കുക തുടങ്ങി വിവിധങ്ങളായ ചുമതലകളാണ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും അർഹരായ ജീവനക്കാരെ കണ്ടെത്തി നൽകുക എന്നതാണ് പി.എസ്.സി.യുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. കണക്കുകൾ പ്രകാരം പി.എസ്.സി.യെ സമീപിക്കുന്ന തൊഴിലന്വേഷകരുടെ എണ്ണം 3 കോടി കവിഞ്ഞു. ഉത്തരവാദിത്വം വർദ്ധിച്ചതോടെ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്താൻ പി.എസ്.സി. കൂടുതൽ യന്ത്രവത്കൃതമാകുകയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പഴയ സംവിധാനങ്ങളെ മാറ്റി പൂർണമായും ഓട്ടോമാറ്റിക് ആക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ കമ്മീഷന്റെ മികവ് വർദ്ധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. നിയമാനുസൃതമായി വളരെ വേഗത്തിൽ തിരഞ്ഞെടുപ്പ് നടത്താനാകുന്നത് പി.എസ്.സിക്ക് അഭിമാനിക്കാനാകുന്ന നേട്ടമാണ്. വേർതിരിവോ പക്ഷാഭേദമോ പി.എസ്.സിയിൽ ഇല്ല. നിലവിലുള്ള നിയമങ്ങളും അനുബന്ധമായ തത്ത്വങ്ങളും സുശക്തമായി നടപ്പിലാക്കപ്പെടുന്നു.
വ്യത്യസ്തകളും ചലനാത്മകതയും കൈമുതലാക്കിയ കേരളാ പി.എസ്.സി. ഈ വർഷം അതിന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്. കേരളാ പി.എസ്.സി.യെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പരിശ്രമിച്ച ഇതുവരെയുള്ള കമ്മീഷനുകളേയും എല്ലാ ജീവനക്കാരെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. നിലവിൽ നമുക്ക് 1650 ഓളം ജീവനക്കാരും ഒരു ചെയർമാനും 20 അംഗങ്ങളുമുള്ള കമ്മീഷനും ആണ് ഉള്ളത്. 'കൂട്ടായ്മ' എന്ന വാക്ക് ഒരിക്കൽ കൂടി ഞാൻ ഉയർത്തിക്കാട്ടുകയാണ്. അതുല്യമായ കാര്യപ്രാപ്തിയുള്ള ജീവനക്കാരും ശരിയായ തീരുമാനങ്ങൾ യഥാസമയം എടുക്കുന്നതിന് പ്രാപ്തരായ കമ്മീഷനുമാണ് ഇന്നേ വരെയുള്ള നേട്ടങ്ങളുടെ എല്ലാം നെടുംതൂൺ. നന്ദി.
|